കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ; ദക്ഷിണകൊറിയയില്‍ 15 പേര്‍ക്ക് കൂടി

ബീജിങ്: ചൈനയിലൊട്ടാകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2004 ആയി. ചൊവ്വാഴ്ച മാത്രം 131 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഹുബൈ പ്രവിശ്യയില്‍ 136 പേര്‍ കൂടി മരിച്ചതിനു പിന്നാലെയാണിതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളിലായി 4233 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെ സംബന്ധിച്ച് ചൈന നടത്തിയ വിശദമായ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. 44,000 കൊറോണ കേസുകള്‍ പരിശോധിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതോടെ ചൈനയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 74000 കടന്നു. അതേസമയം ദക്ഷിണകൊറിയയില്‍ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 46 ആയി.

കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമല്ലെന്നും വളരെ അപകടകരമായ അവസ്ഥയിലേക്ക് എത്തുകയാണുണ്ടായതെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇതേസമയം, ചൈനയിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. ചൈനയിലുള്ള 49 പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ യുക്രൈന് വിമാനം അയക്കുമെന്നാണ് സൂചന. എപ്പോഴാണ് വിമാനം പുറപ്പെടുക എന്ന കാര്യം വ്യക്തമായിട്ടില്ല. ഫെബ്രുവരി 20 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

Top