ഭീതി പടര്‍ത്തി കൊറോണാ വൈറസ്; ഹോങ്കോങ്ങിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അടച്ചിട്ടു

ഷാങ്ഹായ്: കൊറോണാ വൈറസ് നിയന്ത്രണാധീതമായ സാഹചര്യത്തില്‍ ഹോങ്കോങ്ങിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ അടച്ചിട്ടു. ഹോങ്കോങ്ങിലെ ഡിസ്നിലാന്‍ഡ്, ഒഷ്യന്‍ എന്നീ അമ്യൂസ്‌മെന്റ് പാര്‍ക്കുകളാണ് 26 മുതല്‍ അടച്ചിട്ടത്. ഷാങ്ഹായ് സര്‍ക്കാറാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

മരണഭീതി പരത്തി ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. വുഹാന്‍ പ്രവിശ്യയാണ് വൈറസിന്റെ പ്രഭവ കേന്ദ്രമെങ്കിലും ഇത് അതിവേഗം പടരുകയാണ്. ഹ്യൂബായ് പ്രവിശ്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. 323 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ ഏറ്റതായി വിവരങ്ങള്‍ പുറത്ത് വരുന്നു. മുപ്പതോളം ചൈനീസ് പ്രവിശ്യകളിലും മുന്‍സിപ്പാലിറ്റികളിലും സ്വയം ഭരണപ്രദേശങ്ങളിലും 1757 കേസുകള്‍ സ്ഥിരീകരിച്ചു. 2684 പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായും 324 പേര്‍ക്ക് രോഗാവസ്ഥ ഗുരുതരമായതായും റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് കമ്മിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎസ്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ചൈന അറിയിച്ചു.

വന്യമൃഗങ്ങളെ അനധികൃതമായി കച്ചവടം നടത്തിയ വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര തലത്തില്‍ പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യം നിലവില്‍ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.

Top