ഗുജറാത്തില്‍ എം.എല്‍.എക്ക് കോവിഡ്; മുഖ്യമന്ത്രി ക്വാറന്റീനില്‍ പ്രവേശിച്ചു

അഹമ്മദാബാദ്: കോവിഡ് 19 സ്ഥിരീകരിച്ച എം.എല്‍.എ ഇമ്രാന്‍ ഖെദവാലയുമായി കൂടികാഴ്ച്ച നടത്തിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

ബുധനാഴ്ച കോവിഡ് 19 പരിശോധനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലെന്നും വീട്ടിലിരിന്നുകൊണ്ടുതന്നെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപാണി നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

‘വീഡിയോ കോണ്‍ഫറന്‍സ്, വീഡിയോ കോളിങ്, ടെലഫോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖ്യമന്ത്രി കാര്യങ്ങള്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യും. അടുത്ത ഒരാഴ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.’ എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെയാണ് ഇമ്രാന്‍ ഖെദവാലക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖെദാവാലക്ക് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും ഇദ്ദേഹം അടുത്തിടപഴകിട്ടുണ്ട്.

Top