ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി കോവിഡ് ! രോഗ വ്യാപനം കുറവ് കേരളത്തില്‍

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി കോവിഡ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളില്‍ ബഹുഭൂരിപക്ഷവും തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ മാത്രം ഒരാഴ്ചക്കിടെ 28,000 മുകളില്‍ ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയോടെ തമിഴ്നാട്ടിലെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു.

ഒരാഴ്ചക്കിടെ എണ്ണായിരിത്തലിധികം കേസുകളാണ് കര്‍ണാടകത്തിലും തെലങ്കാനയിലും റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രപ്രദേശില്‍ 5500 പേര്‍ക്കാണ് ഒരാഴ്ചക്കിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ കേരളത്തില്‍ ഒരാഴ്ചക്കിടെ ആയിരത്തിലധികം കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.മുന്‍പത്തെ ദിവസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിലും കേസുകളില്‍ വര്‍ധനവുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യപത്തില്‍ എത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കുള്ളിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 3.6 ശതമാനമാണ് വര്‍ധന. ഇത് ദേശീയ ശരാശരിക്കും മുകളിലാണ്.

എന്നാല്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മൊത്തം രോഗികളുടെ എണ്ണക്കുറവിനെ കൂടാതെ മരണനിരക്കും വളരെ കുറവാണ്.

Top