ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെക്കാനുള്ള ഉത്തരവടക്കമുണ്ടാകും: തെലങ്കാന മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം നേരിടാന്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ ലംഘിച്ചാല്‍ വെടിവെക്കാനുള്ള ഉത്തരവടക്കമുണ്ടാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖ റാവുവിന്റെ മുന്നറിയിപ്പ്.

‘അടച്ചുപൂട്ടല്‍ നിര്‍ദേശങ്ങള്‍ ജനംലംഘിക്കുകയാണെങ്കില്‍ പൂര്‍ണ്ണമായും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും നിര്‍ദേശം ലംഘിക്കുന്നവരെ അവിടെ വെച്ച് തന്നെ വെടിക്കാനുള്ള ഉത്തരവിറക്കേണ്ടിയും വരും’ റാവു പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു റാവു കര്‍ശന നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയില്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ സൈന്യത്തെയാണ് ഇറക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാന്‍ ജനങ്ങള്‍ തയാറാകുന്നില്ലെങ്കില്‍ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും റാവു പറഞ്ഞു. ‘ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ 24 മണിക്കൂറും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വെടിവെക്കാന്‍ ഉത്തരവുമുണ്ട്. അത്തരമൊരു സ്ഥിതിഗതി ഉണ്ടാക്കരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’ തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ പോലീസിനെ സഹായിക്കുന്നതിന് എല്ലാ മന്ത്രിമാരോടും എംഎല്‍എമാരോടും കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരോടും റോഡിലിറങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഉയര്‍ന്നവിലയ്ക്ക് അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ബാധ സംശയിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കാന്‍ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചാല്‍ പാസ്പോര്‍ട്ട് റദ്ദാക്കും. 114 പേരുടെ പരിശോധനാഫലം ബുധനാഴ്ച ലഭിക്കുമെന്നും റാവു അറിയിച്ചു.

തെലങ്കാനയില്‍ 36 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 19,000 പേര്‍ നിരീക്ഷണത്തിലുമാണ്.

Top