കൊറോണ ബാധിച്ചവരില്‍ മരിക്കാന്‍ സാധ്യതയുള്ളവര്‍ ഇവര്‍

ബെയ്ജിങ്: അതിക രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കാണ് കൊറോണ ബാധിച്ചവരില്‍ മരണ സാധ്യത കൂടുതലുള്ളവരെന്ന് വുഹാനിലെ ഡോക്ടര്‍. കൊറോണ രോഗികളെ ചികിത്സിച്ച പെക്കിങ് യൂണിയന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ ഡോക്ടര്‍ ഡൂ ബിനിന്റെതാണ് വെളിപ്പെടുത്തല്‍.

ഇതു സംബന്ധിച്ച ഔദ്യോഗികമായി പഠന തെളിവൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ജനുവരി അവസാനം മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ രോഗികളെ പരിശോധിച്ച ഡോക്ടറുടെ വാക്കുകളെ ആരോഗ്യരംഗം ഗൗരവമായാണ് കാണുന്നത്. ജനുവരിയില്‍ വുഹാനില്‍ മരിച്ച 170 പേരില്‍ പകുതിയാളുകള്‍ക്കും രക്തസമ്മര്‍ദമുണ്ടായിരുന്നതായി ബ്ലൂംബര്‍ഗിനു നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ഡോ.ഡൂ ബിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഇതിനു കൂടുതല്‍ പഠനവും ഗവേഷണവും ആവശ്യമാണെന്ന് ഡോ. ഡൂ ബിന്‍ പറയുന്നു. ലോകവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഡോ. ഡൂ ബിനിന്റെ വാക്കുകള്‍ കരുതലോടെയാണ് കൈകൊണ്ടത്. വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നായത് കൊണ്ട് വൈറസ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചൈനയിലെ രോഗികളില്‍ നിന്നു മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നാണ് കരുതുന്നത്.

വെന്റിലേഷന്‍, ഓക്‌സിജന്‍ ചികിത്സ എന്നിവയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ സമയത്ത് വളരെ വിലപ്പെട്ടതാണെന്നു ഡോ.ഡൂ ബിന്‍ പറയുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പലപ്പോഴും തക്ക സമയത്ത് വെന്റിലേഷന്‍ ലഭിക്കാത്തവരാണ് മരണത്തിനു കീഴടങ്ങിയത്. വെന്റിലേഷന്‍ ലഭിച്ചവര്‍ രക്ഷപ്പെടുകയും ചെയ്തു. അതുകൊണ്ടു വൈറസ് ബാധിതരായ രോഗികള്‍ക്ക് കൃത്യ സമയത്ത് വെന്റിലേഷന്‍ നല്‍കണമെന്നും അദ്ദേഹം പറയുന്നു.

വൈറസിനെ അതീജീവിച്ചവര്‍ക്കു ഉടന്‍ തന്നെ ഇതു വീണ്ടും വരാനുള്ള സാധ്യതകള്‍ വളരെ വിരളമാണെന്നു ഡോ.ഡൂ പറഞ്ഞു. വൈറസിനെതിരെ ശരീരത്തില്‍ ഉല്‍പാദിക്കപ്പെട്ട ആന്റിബോഡി അത്രവേഗം നശിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ അങ്ങനെ വന്ന കേസുകള്‍ രോഗം മാറിയെന്നുള്ള പരിശോധനയിലെ പിഴവാകാനെ സാധ്യതയുള്ളു.

ഇന്‍ഫ്‌ളുവെന്‍സാ വൈറസുകള്‍ പോലെ കൊറോണ, ഗര്‍ഭിണികളിലും കുട്ടികളിലും ഗുരുതരമാകാന്‍ സാധ്യതയില്ല. ഇതും വളരെ സവിശേഷമായ കാര്യമാണ്. കൊറോണ ബാധിക്കുന്ന കുട്ടികളില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നിങ്ങനെയാണ് ഡോ. ഡൂ ബിനിന്റെ മറ്റു നിരീക്ഷണങ്ങള്‍.

Top