ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 189 പേര്‍; മരണം 1000 കടന്നു

മിലാന്‍: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 189 പേരാണ് മരിച്ചത്. അതേസമയം ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘം പുറപ്പെട്ടു. രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിലപാടാണ് ഇറ്റലിയിലെ ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്. ഇവരെ പരിശോധിക്കാനും യാത്രാനുമതിക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനുമായാണ് ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇറ്റലിയിലേക്ക് പോയത്.

കൊറോണ ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചു. ഓഫീസ് പ്രവര്‍ത്തനങ്ങളാണ് തല്‍ക്കാലം അവസാനിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ അതേസമയം പ്രവര്‍ത്തനം തുടരുമെന്നും റോമിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇറ്റലിയില്‍ എല്ലാ ഓഫീസുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് എംബസിയും അടച്ചിടുന്നത്.

Top