മരുന്നില്ല, പകരം മനോഭാവം മാറ്റും;ക്യാമ്പില്‍ ഡാന്‍സും പാട്ടും, പ്രതിരോധിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഭൂമിക്ക് തന്നെ വില്ലനായി മാറിയിരിക്കുകയാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനാണ് വൈറസിന്റെ പ്രഭവ കേന്ദ്രമെന്നിരുന്നാലും ആഗോളതലത്തില്‍ തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഈ വില്ലന്‍ പടര്‍ന്നുപിടിക്കുന്നത്. വൈറസിനെ തുരത്താന്‍ മരുന്ന് ഇല്ല എന്നതും ഏറെ വെല്ലുവിളിയാണ്.

എന്നാല്‍ പേടിച്ച് പിന്മാറാനല്ല സധൈര്യം ഈ വില്ലനെ നേരിടാനാണ് ഈ യുവാക്കള്‍ ശ്രമിക്കുന്നത്. ഐസൊലേഷന്‍ ക്യാമ്പില്‍ നിന്ന് വരുന്ന ആത്മവിശ്വാസത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളിള്‍ നിറയുന്നത്. ഡല്‍ഹിക്ക് സമീപമുള്ള ക്യാമ്പില്‍ മാസ്‌ക് ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുകയാണ് ഒരു സംഘം പുരുഷന്മാന്‍.

കൊറോണ വൈറസിനെ കുറിച്ചുള്ള പേടിയകറ്റാനാണ് ഇവര്‍ ഡാന്‍സും പാട്ടുമായി ക്യാമ്പിനെ ഉണര്‍ത്തുന്നത്. ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ച ഹരിയാനയിലെ മനേസാറിലെ കൊറോണ വൈറസ് ഐസൊലേഷന്‍ ക്യാമ്പില്‍ ഉത്സാഹികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് ബിജെപി അംഗമായ മേജര്‍ സുരേന്ദ്ര പൂന വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

‘ഇതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ മനോഭാവം. ഇങ്ങനെയായിരിക്കണം നാം.’ തുടങ്ങി നിരവധി പോസറ്റീവ് കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ വക്താവ് ധന്‍ജയ് കുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാമ്പിനെ 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദവുമില്ല. മാത്രമല്ല എല്ലാദിവസവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാവുന്നതാണ്.

Top