കോവിഡ് വ്യാപനം; രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് പകുതിവരെ നീട്ടാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് പകുതിവരെയെങ്കിലും നീട്ടേണ്ടിവരുമെന്ന് വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

ഇന്ത്യയില്‍ ഇപ്പോഴും കോവിഡ് ബാധയുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കും. പ്രത്യേകിച്ച് ഡല്‍ഹിയില്‍ നിരവധി വൈറസ് ബാധിത മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ നീട്ടുന്നതാണ് നല്ലത്, ഡല്‍ഹി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ സമിതിയുടെ തലവന്‍ ഡോ. എസ്.കെ സരിന്‍ പറഞ്ഞു.

ചൈനയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പറഞ്ഞാല്‍ രോഗബാധ ആരംഭിച്ച് 10 ആഴ്ചകള്‍ക്ക് ശേഷമാണ് ഗ്രാഫ് താഴേയ്ക്കു വന്നുതുടങ്ങുന്നത്. ഇതനുസരിച്ച് ഡല്‍ഹിയില്‍ മേയ് പകുതിയോടെ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ മേയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഡല്‍ഹിയില്‍ 2,625 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത്.

Top