കൊറോണയെ പിടിച്ചുകെട്ടണം; ഇല്ലെങ്കില്‍ മരിക്കുക 45 മില്ല്യണ്‍ ജനം; മുന്നറിയിപ്പ്!

കൊറോണാ വൈറസിനെ നിയന്ത്രിച്ച് നിര്‍ത്തുന്നത് പരാജയപ്പെട്ടാല്‍ 45 മില്ല്യണ്‍ ജനങ്ങളുടെ മരണത്തിലും, 60 ശതമാനം ആഗോള ജനസംഖ്യയെ വൈറസ് ബാധിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഹോങ്കോംഗ് മെഡിക്കല്‍ അധികൃതര്‍. ഹോങ്കോംഗിലെ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ ചെയര്‍ പ്രൊഫസര്‍ ഗബ്രിയേല്‍ ല്യൂംഗാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

മരണസംഖ്യ ഒരു ശതമാനം മാത്രം എത്തിയാല്‍ പോലും രോഗം ബാധിച്ച് ആയിരങ്ങള്‍ കൊല്ലപ്പെടുന്ന സ്ഥിതി രൂപപ്പെടുമെന്നും പ്രൊഫസര്‍ ല്യൂംഗ് വ്യക്തമാക്കി. 7 ബില്ല്യണാണ് നിലവിലെ ആഗോള ജനസംഖ്യ. പ്രൊഫസര്‍ ല്യൂംഗിന്റെ പ്രവചനം ശരിയായാല്‍ 4 ബില്ല്യണ്‍ ജനങ്ങളിലേക്ക് വൈറസ് എത്തിച്ചേരാന്‍ ഇടയുണ്ടെന്നാണ് ആശങ്ക ഉയരുന്നത്. ഇതില്‍ ഒരു ശതമാനം പേര്‍ മരിച്ചാല്‍ 45 മില്ല്യണ്‍ മരണങ്ങള്‍ സംഭവിക്കും.

എന്നിരുന്നാലും ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. ഈ കുറവ് താല്‍ക്കാലികമായി ഒരു ആശ്വാസ സൂചനയാണ്. കേസുകളുടെ എണ്ണം ഇനിയും കൂടുമെന്ന് തന്നെയാണ് കരുതുന്നത്. ചില രോഗികളുടെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം കുറവാണെന്നതാണ് ഇതില്‍ വലിയ പ്രശ്‌നം. കൊറോണാ വൈറസ് തിരിച്ചറിയാന്‍ കഴിയുന്ന ടെസ്റ്റുകള്‍ വ്യാപകമായതോടെ കൂടുതല്‍ രോഗികളെ വേഗത്തില്‍ തിരിച്ചറിയുന്നുവെന്നതാണ് ആശ്വാസം.

ഇവരെ കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ത്തുന്നതിന് മുന്‍പ് തന്നെ ഐസൊലേഷനിലേക്ക് മാറ്റും. ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 43000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്ക് 1100ലേറെയാണ്. പകര്‍ച്ചവ്യാധിയുടെ വലുപ്പവും, രൂപവും തിരിച്ചറിയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പ്രൊഫ. ല്യൂംഗ് വ്യക്തമാക്കി.

Top