ആയിരങ്ങള്‍ മരിച്ചു വീഴുമ്പോള്‍ ‘മാസ്‌ക്’ പ്രസ്താവനയില്‍ കുടുങ്ങി ട്രംപ്

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് മുന്നേറുമ്പോഴും മാസ്‌ക് ധിരിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ആയിരങ്ങളാണ് അമേരിക്കയില്‍ ദിനംപ്രതി മരിച്ച് വീഴുന്നത്.സിഡിസി (സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍) എന്ന അമേരിക്കന്‍ ആരോഗ്യ ഏജന്‍സി ജനങ്ങളോട് മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ചതില്‍ ‘voluntarily’ (സ്വയംസന്നദ്ധമായി) എന്ന വാക്ക് എടുത്തു പറഞ്ഞ ട്രംപ് ‘നിങ്ങള്‍ വേണമെങ്കില്‍ മാസ്‌ക്’ ധരിച്ചാല്‍ മതി എന്നാണ് ആവര്‍ത്തിച്ചു പറഞ്ഞത്.

‘ലോകരാജ്യങ്ങളിലെ വലിയ നേതാക്കളെ, രാജാക്കന്‍മാരെ, റാണിമാരെ ഒക്കെ കാണുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കാനോ? എനിക്ക് എന്നെത്തന്നെ അങ്ങനെ കാണാനാകുന്നതേയില്ല, എന്തായാലും ഞാന്‍ മാസ്‌ക് ധരിക്കാന്‍ പോകുന്നില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതി’ എന്നാണ് ട്രംപ് ജനങ്ങളോട് പറഞ്ഞത്.

ലോക്ക് ഡൗണ്‍ ആയല്ലെങ്കിലും വീട്ടിലിരിക്കാന്‍ നിര്‍ദേശം നല്‍കുന്ന ഉത്തരവുകള്‍ വിവിധ സ്റ്റേറ്റുകള്‍ പുറത്തിറക്കുമ്പോഴും ട്രംപിന് ഇതില്‍ അയഞ്ഞ നിലപാടാണ്. വീട്ടിലിരിക്കണമെന്ന ഉത്തരവ് (സ്റ്റേ അറ്റ് ഹോം) വേണമെന്ന് താന്‍ നിര്‍ബന്ധം പിടിക്കില്ലെന്നും അതാത് സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും ട്രംപ് വ്യക്തമാക്കുന്നു.

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാത്രമല്ല, വെറുതെ സംസാരിക്കുമ്പോള്‍പ്പോലും കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് സിഡിസി വൈറ്റ് ഹൗസിന് റിപ്പോര്‍ട്ട് നല്‍കിയത് ഇന്നലെയാണ്. ഇപ്പോഴും എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പോലും വ്യക്തമായി ട്രംപ് നല്‍കാതിരിക്കുന്നത് സിഡിസിയിലും അതൃപ്തിയുണ്ടാക്കുന്നുണ്ട്.

സിഡിസിയുടെ പുതിയ നിര്‍ദേശം ട്രംപ് അംഗീകരിച്ചെങ്കിലും അതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ചില ഉദ്യോഗസ്ഥരടക്കം മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശത്തോട് വിയോജിച്ചെന്നാണ് സൂചന.

Top