കൊറോണ വൈറസ്: മരണം 100 കവിഞ്ഞു; ജര്‍മനിയിലും ശ്രീലങ്കയിലും രോഗ ബാധ !

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി.4193-പേരില്‍ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച അറിയിച്ചു. തിങ്കളാഴ്ച മാത്രം 1300 പേരിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ ബീജിങിലും ആദ്യമായി രോഗം കണ്ടെത്തി.

മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനിടെ ജര്‍മനിയിലും ശ്രീലങ്കയിലും രോഗ ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു ചൈനീസ് വനിതയിലാണ് ശ്രീലങ്കയില്‍ രോഗം കണ്ടെത്തിയത്. ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് യുഎസ് പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

Top