ഇന്ത്യക്കരെ നാട്ടിലെത്തിക്കാനുള്ള സഹായം ചൈന നടത്തുന്നു, വിമാനം തയ്യാര്‍!

ന്യൂഡല്‍ഹി: ചൈനയില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാന്‍ വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കി. ഇന്ത്യ, അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ ആളുകളെ ഒഴിപ്പിക്കാന്‍ വേണ്ട സഹായം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

വുഹാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് തിരിക്കുന്നതിന് വേണ്ട സമ്മത പത്രം ഇന്ത്യന്‍ എംബസി കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരികെയെത്തിയാല്‍ ഇവര്‍ 14ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സമ്മത പത്രമാണ് ഇന്ത്യക്കാര്‍ക്ക് കൈമാറിയിട്ടുള്ളത്.കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വേണ്ടി ചര്‍ച്ചകള്‍ നടക്കുകയാണ്. വിദ്യാര്‍ത്ഥികളടക്കം 250ലേറെ ഇന്ത്യക്കാര്‍ ചൈനയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതില്‍ മലയാളികളുമുണ്ട്. ചൈനയിലേക്ക് പോകാന്‍ വേണ്ടി എയര്‍ഇന്ത്യ വിമാനം മുംബൈയില്‍ സജ്ജമാക്കി വച്ചിട്ടുണ്ടെങ്കിലും അങ്ങോട്ട് പോകുവാന്‍ എപ്പോള്‍ കഴിയുമെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

ചൈനയില്‍ കൊറൊണ വൈറസ് ബാധമൂലം 170 പേര്‍ മരിച്ചുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഹോങ്കോങ്ങിന് പിന്നാലെ ടിബറ്റിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘം ചൈനയിലെത്തും. അതേസമയം ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ഇന്ന് തീരുമാനമെടുക്കും.

വുഹാനുള്‍പ്പെടെ 20 നഗരങ്ങളില്‍ യാത്ര വിലക്ക് ഇപ്പോഴും തുടരുകയാണ്. വൈറസിനെതിരായ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. കൊറോണ വൈറസിന്റെ ജനിതക ഘടന ഇതിനായി ചൈന റഷ്യക്ക് കൈമാറിക്കഴിഞ്ഞു.

Top