കൊറോണ വൈറസ്; ഇന്ത്യക്കാരെ നാളെ എത്തിക്കും, വിമാനങ്ങള്‍ തയ്യാറെന്ന് സന്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കും. ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക വിമാനം സജ്ജമാക്കിയിട്ടുണ്ടെന്നും നാളെ പുറപ്പെടുമെന്നും അധികൃതര്‍ പറയുന്നു .

ആദ്യ വിമാനത്തില്‍ വുഹാനിലും സമീപത്തുമുള്ള ഇന്ത്യാക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. പിന്നീട് ഹുബൈ പ്രവിശ്യയിലെ ഇന്ത്യക്കാരെയും എത്തിക്കും. എല്ലാവരും തയ്യാറായി ഇരിക്കണമെന്നും സമയക്രമത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാട്ടിലേക്ക് പുറപ്പെടാന്‍ സന്നദ്ധത അറിയിച്ചവരെയാണ് ആദ്യം തിരിച്ചെത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും സന്ദേശത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചൈനീസ് എംബസിയും കേന്ദ്രസര്‍ക്കാരും ചര്‍ച്ച നടത്തി. കൗണ്‍സിലര്‍ ജി റോംഗ് ആണ് ആശയവിനിമയം നടത്തിയത്. പകര്‍ച്ച വ്യാധി നിയന്ത്രിക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങളും വിശദീകരിച്ചു.

Top