കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്

കൊച്ചി: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.

ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രണ്ടു പേരടങ്ങുന്ന കേന്ദ്ര സംഘം കൊച്ചിയില്‍ എത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. മലപ്പുറത്ത് ഒരാള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top