രാജ്യം കൊറോണ ഭീതിയില്‍; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 195 ആയി

ന്യൂഡല്‍ഹി: കൊറണ വൈറസ് ഭീതി പടര്‍ത്തി നിയന്ത്രണാധീതമായി പടരുമ്പോള്‍ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 195 ആയി ഉയര്‍ന്നു. ഇതില്‍ 32 പേര്‍ വിദേശികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ 20 സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പഞ്ചാബില്‍ കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ ഡല്‍ഹി, കര്‍ണാടക,മഹാരാഷ്ട്ര എന്നിവടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ ഇന്നലെ രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47ആയി ഉയര്‍ന്നു കഴിഞ്ഞു. രണ്ടാം സ്ഥാനം കേരളത്തിനാണ്. ഇന്നലെ ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 28 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ലോകത്താകമാനമുള്ള കൊറോണ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ക്ക് രോഗം ഭേദമായി.

Top