6 ദിവസം, 66 കേസുകള്‍; ഈ ഇരട്ടിപ്പിനെ ഇന്ത്യ ഭയക്കണം; പോക്ക് ഇറ്റലിയുടെ വഴിക്കോ?

ന്ത്യയില്‍ സ്ഥിരീകരിച്ച കേസുകളും, മരണസംഖ്യയും വര്‍ദ്ധിക്കുന്നത് തുടരുകയാണ്. ഇതോടെ കൊറോണ വൈറസ് കേസുകള്‍ ഇന്ത്യയില്‍ മുന്‍പ് കരുതിയതിനേക്കാള്‍ മാരകമാകുമെന്ന ആശങ്കയാണ് പടരുന്നത്. ഓരോ അഞ്ച് ദിവസം കൂടുമ്പോഴും ഇന്ത്യയില്‍ സ്ഥിരീകരിച്ച കേസുകള്‍ ഇരട്ടിയാകുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 6ന് ഇന്ത്യയില്‍ ഏകദേശം 30 കേസുകളാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷം സ്ഥിരീകരിച്ച കേസുകളുടെ എണ്ണമേറുകയാണ് ചെയ്തത്. പിന്നീടുള്ള അഞ്ച് ദിവസത്തില്‍ രോഗികളുടെ എണ്ണം 60ലേക്കും, മാര്‍ച്ച് 17ന് 126ലേക്കും കുതിച്ചെത്തി. ആറ് ദിവസം കൊണ്ട് 66 കേസുകളാണ് വര്‍ദ്ധിച്ചത്.

ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അടുത്ത ആറ് ദിവസത്തില്‍ 252 കേസുകളെങ്കിലും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് അനുമാനം. ഇതിന് പുറമെ ലക്ഷണങ്ങളുള്ള പലരും ടെസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ കേസുകളുടെ എണ്ണം ഇനിയുമേറെയാകുമെന്ന ആശങ്കയുമുണ്ട്. ഇറ്റലിയുടെ ഉദാഹരണം പരിഗണിച്ചാല്‍ രണ്ടാഴ്ച കൊണ്ട് 322 എന്നത് 10,000ത്തിലേക്കാണ് കുതിച്ചത്.

ഈ അവസ്ഥ പരിഗണിച്ചാണ് പൗരന്‍മാരോട് അതീവ ജാഗ്രത പുലര്‍ത്താനും, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കാനും മെഡിക്കല്‍ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. സമൂഹത്തില്‍ പരസ്പരം പടരുന്ന സാഹചര്യം ഉടലെടുത്താല്‍ ഇന്ത്യയിലെ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടില്ലെന്ന ആശങ്കയാണുള്ളത്. വൈറസിനെ നേരിടാന്‍ സാമൂഹികമായി അകലം പാലിക്കുകയാണ് പ്രധാന മാര്‍ഗ്ഗമായി ഉരുത്തിരിഞ്ഞിരിക്കുന്നത്.

Top