രാജ്യത്ത് കോവിഡ് ബാധിതര്‍ 5,734 ആയി; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 17 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 5,734 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ 17 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത് 166 പേരാണ്.രോഗബാധിതരില്‍ 5,095 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 473 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണസംഖ്യയും മഹാരാഷ്ട്രയിലാണ്. 1135 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 72 പേര്‍ മരണമടയുകയും ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ രോഗികളുടെ എണ്ണവും മരണവും ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക ഉളവാക്കുന്നുണ്ട്. രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത് തമിഴ്‌നാടാണ്. ഇവിടെ 738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ 669 പേര്‍ക്കും തെലങ്കാനയില്‍ 427 പേര്‍ക്കും രാജസ്ഥാനില്‍ 381 പേര്‍ക്കുമാണ് വൈറസ് ബാധസ്ഥിരീകരിച്ചത്.

Top