ആശങ്കയ്ക്ക് വിരാമമില്ല; ആഗോളതലത്തില്‍ കൊവിഡ് രോഗികള്‍ 41 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 41 ലക്ഷം കടന്നു. കൊവിഡ് മരണം 2,80,000 പിന്നിട്ടു. അമേരിക്കയില്‍ മാത്രം മരണം 80,000 ത്തോടടുക്കുമ്പോള്‍, 2666 പേര്‍ക്കാണ് സ്‌പെയിനില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, അമേരിക്കയില്‍ ഇനിയും കൊവിഡ് മരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വാക്‌സിന്‍ ഇല്ലാതെ തന്നെ കൊവിഡ് 19 അപ്രത്യക്ഷമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1,347,309 ആണ്. എന്നാല്‍, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി എന്നീ തീവ്രബാധിത സംസ്ഥാനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട കണക്കുകളാണ് ഇന്ന് പുറത്തുവന്നത്. അതേസമയം, വന്ദേ ഭാരത് ദൗത്യത്തിന്റെ അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് ഇന്ന് പുറപ്പെടും.

ഇതിനിടെ, സ്‌പെയിനിലെ മരണനിരക്ക് വീണ്ടും താഴ്ന്നത് ആശ്വാസമായി. പക്ഷേ, റഷ്യയില്‍ പുതിയ പതിനായിരം കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കിലും അടുത്ത ആഴ്ച മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് സാധ്യത.

Top