ലോക്ക്ഡൗണ്‍ലംഘിച്ചു; ജര്‍മന്‍ താരം ജെറോം ബെട്ടെങ്ങിന് പിഴയിട്ട് ബയണ്‍ മ്യൂണിക്ക്

മ്യൂണിക്ക്: രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ മാനിക്കാതെ പുറത്തു കറങ്ങിയ ജര്‍മന്‍ താരം ജെറോം ബെട്ടെങ്ങിന് അദ്ദേഹത്തിന്റെ ക്ലബ്ബായ ബയണ്‍ മ്യൂണിക്ക് പിഴ ചുമത്തി. അസുഖബാധിതനായ മകനെ കാണാനാണ് ലോക്ഡൗണ്‍ ലംഘിച്ചതെന്നാണ് ബോട്ടെങ് ഇതിന് നല്‍കിയ വിശദീകരണം.

പിഴ ചുമത്തിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ പണം കൊറോണ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ജര്‍മനിയിലെ ആശുപത്രികള്‍ക്ക് നല്‍കുമെന്ന് ബയണ്‍ മ്യൂണിക്ക് പ്രസ്താവനയില്‍ അറിയിച്ചു.സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം പരിഗണിച്ച് ക്ലബ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് താമസസ്ഥത്തുനിന്ന് ഏറെ മാറിയുള്ള സ്ഥലത്തേക്ക് ബോട്ടെങ് യാത്ര ചെയ്ത സാഹചര്യത്തില്‍ അദ്ദേഹത്തിനുമേല്‍ പിഴ ചുമത്താന്‍ ക്ലബ് തീരുമാനിച്ചിരിക്കുന്നു’ ബയണ്‍ മ്യൂണിക് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാരിന്റെയും ആരോഗ്യവിഭാഗത്തിന്റെയും ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ക്ലബ് ചൂണ്ടിക്കാട്ടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാതൃകാപരമായി പെരുമാറേണ്ടവരാണ് ബയണ്‍ മ്യൂണിക്കിലെ ഓരോ അംഗങ്ങളുമെന്നും ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.

ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് 2011ല്‍ ബയണിലെത്തിയ ജെറോം ബോട്ടെങ് അവരുടെ പ്രതിരോധ നിരയിലെ കരുത്തുറ്റ താരങ്ങളില്‍ ഒരാളാണ്. ക്ലബ്ബിനായി ഇതുവരെ 200ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2014ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലും അംഗമായിരുന്നു മുപ്പത്തൊന്നുകാരനായ ബോട്ടെങ്.

Top