വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറയുന്നില്ല; തകര്‍ക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികളെ

ന്യൂഡല്‍ഹി: അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറയാത്തത്, ഇന്ത്യയിലെ ഐടി കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വിദേശ പ്രൊജക്ടുകളില്‍ നിന്നുള്ള പ്രതിഫലം വൈകുന്നത് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കഴിയുന്നതോടെ മേഖലയില്‍ പലര്‍ക്കും തൊഴില്‍ നഷ്ടമുണ്ടാകുമോയെന്ന ആശങ്കയും ശക്തമാണ്.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ ഐടി രംഗം കടന്നുപോകുന്നത്. ലോക്ക് ഡൗണായതോടെ എല്ലാ ഐ.ടി. കമ്പനികളും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുകയോ, താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയോ ചെയ്തിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രോജക്ടുകളെ ആശ്രയിച്ചിരുന്ന കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും വലിയ പ്രതിസന്ധിയിലായി.

40 ശതമാനം ഇടത്തരം കമ്പനികളും 20 ശതമാനം സ്റ്റാര്‍ട്ടപ്പുകളും കൊവിഡ് പ്രതിസന്ധി അതിജീവിക്കില്ലെന്നാണ് വിദഗ്ദര്‍ പ്രവചിക്കുന്നത്. പലര്‍ക്കും കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കും. നിലവിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇത് കമ്പനികളെ പ്രേരിപ്പിക്കും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തും ആശങ്ക ശക്തമാണ്. ഐടി മേഖലയില്‍ പുതിയ തൊഴിലവസരങ്ങളും ഗണ്യമായി കുറയും. കൊവിഡ് കാരണം ഇക്കൊല്ലത്തെ ക്യാമ്പസ് പ്ലേസ്‌മെന്റുകളും രാജ്യമാകെ മുടങ്ങി. ഐടി മേഖലയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിലും വലിയ ഇടിവുണ്ടാകുമെന്നാണ് വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.

Top