കൊച്ചിയില്‍ ചൈനീസ് യുവതി നിരീക്ഷണത്തില്‍! ആശങ്കവേണ്ട: ഡിഎംഒ

കൊച്ചി: കൊറോണ ബാധ കേരളത്തില്‍ സ്ഥിരീകരിച്ചത് മുതല്‍ സംസ്ഥാനത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തൃശ്ശൂരിലും ആലപ്പുഴയിലും കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കൊച്ചിയിലും വൈറസ് ബാധയെന്ന് സംശയം. 28കാരിയായ ചൈനീസ് യുവതിയാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.

ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് കഴിഞ്ഞ ദിവസം പൊലീസും ആരോഗ്യ വിഭാഗവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധക്കെതിരായ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ യുവതി ചൈനയിലെ ഗ്വാങ്‌ഡോങില്‍ നിന്ന് 27ആം തീയതിയാണ് ബെംഗളൂരു വിമാനത്താവളം വഴി കേരളത്തില്‍ എത്തിയത്. വാരണാസിയടക്കം സന്ദര്‍ശിച്ചശേഷമാണ് യുവതി ഫോര്‍ട്ട്‌കൊച്ചിയില്‍ വന്നത് എന്നാണ് വിവരം. അതേസമയം ബെംഗളൂരു വിമാനത്താവളത്തില്‍ പരിശോധന നടത്തിയതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. ചൈനയില്‍ നിന്ന് വന്നതിനാല്‍ നിരീക്ഷണ ദിവസം കഴിയുന്നതുവരെ പുറത്ത് ഇറങ്ങരുത് എന്നാണ് യുവതിയെ അറിയിച്ചിരിക്കുന്നത്.

തൃശ്ശൂരിലും ആലപ്പുഴയിലും വിദ്യാര്‍ത്ഥിനികള്‍ ചികിത്സയിലിരിക്കെ ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. നീരിക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായും മന്ത്രി പറഞ്ഞിരുന്നു.

Top