കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഇന്ന് മാറ്റും. തുടര്‍ച്ചയായ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നത്. അതേസമയം, ഈ മാസം 26 വരെ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരിക്കും. നിലവില്‍ ആലപ്പുഴ ജില്ലയിലെ ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ല. വീടുകളില്‍ 139 പേര്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് 2,455പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണ സംഖ്യ 1335 ആയി. ഹുബൈ പ്രവശ്യയില്‍ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേര്‍ക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. വൈറസ് ബാധ ഏത് രാജ്യത്തേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബാഴ്‌സലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. മൈബൈല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉല്‍പ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈല്‍ കോണ്‍ഗ്രസ്. കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു.

Top