ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാനം ഇന്ന് വുഹാനിലേയ്ക്ക്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഭീതിപടര്‍ത്തി കൊറോണ വൈറസ് ദിനം പ്രതി നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. ഡോക്ടര്‍മാര്‍ അടങ്ങിയ സംഘവുമായി ബോയിംഗ് 747 വിമാനമാണ് മുംബൈയില്‍ നിന്ന് പുറപ്പെടുക. വുഹാനില്‍ 325 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് കൂടാതെ ഓരോ സീറ്റിലും ഭക്ഷണം വെള്ളം എന്നിവ നല്‍കും. ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷമായിരിക്കും വിമാനം ചൈനയിലേയ്ക്ക് തിരിക്കുക. ആറ് മണിക്കൂറിനുള്ളില്‍ വിമാനം വുഹാനിലെത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വുഹാന്‍, ഹുബെയ് പ്രവിശ്യകളില്‍ നിന്നുള്ളവരെ എത്തിക്കാന്‍ അനുമതി ലഭിച്ചതായി വിദേശ കാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.ഇരു പ്രവിശ്യകളില്‍ നിന്നുമായി 600 ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുന്നത്.

അതേസമയം കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സഹാചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ഇന്നും നടക്കും. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്നത്തോടെ 12 പുതിയ ലാബുകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.സ്ഥിതി ഗുരുതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ടഡ്രോസ് അദാനം ഗബ്രിയേസസ് കൂട്ടിച്ചേര്‍ത്തു. രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കി.

നിലവില്‍ ചൈനയ്ക്ക് പുറത്ത് 18 രാജ്യങ്ങളിലായി 98 വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top