കൊറോണ വൈറസ്; മലപ്പുറത്ത് ഒരാള്‍ നിരീക്ഷണത്തില്‍, ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

മലപ്പുറം: കൊറോണ വൈറസ് ആഗോളതലത്തില്‍ ഭീതിപടര്‍ത്തുമ്പോള്‍ കേരളത്തിലും ജാഗ്രത. മലപ്പുറത്ത് ഒരാള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയെയാണ് നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

അതേസമയം ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക.

അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. യുഎസിലും തായ്വാനിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രങ്ങളില്‍ ഒന്നായ ഹൂബെയില്‍ 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,744 ആയി.

അതിവേഗം പടരുന്ന കൊറോണ വൈറസിനെ തുടര്‍ന്ന് ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്. ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളില്‍ കടുത്ത യാത്രാനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തെക്കന്‍ പ്രവിശ്യകളായ ഗുവാങ്‌ഡോംഗ്, ജിയാങ്‌സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളില്‍ ജനങ്ങള്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹുബെയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടര്‍ന്നുപിടിച്ചത്.

Top