രാജ്യത്ത് കൊവിഡ്19 ബാധിതര്‍ 26,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 2000 ത്തോളം പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതര്‍ 26,917 ആയി. കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 826 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1,975 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 47 പേര്‍ മരിച്ചു. അതേസമയം 5914 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. അതിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 440 പുതിയ കേസുകളും 19 മരണവുമാണ് ഇന്ന് മാത്രമുണ്ടായത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8068 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 342 ആയി. കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 50 ലക്ഷം സഹായം മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈയില്‍ 31 മാധ്യമപ്രവര്‍ത്തകരെ വീടുകളില്‍ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ആദ്യ പരിശോധന ഫലം പോസിറ്റീവായിരുന്ന ഇവരുടെ രണ്ടാമത്തെ സ്രവപരിശോധന ഫലം നെഗറ്റീവായതിനാല്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മാറ്റുകയായിരുന്നു. ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 230 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 151 ആയി. തമിഴ്‌നാട്ടില്‍ 64 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതര്‍ 1885 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.

രാജ്യത്തെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍ ആരോഗ്യവകുപ്പ് അസി. ഡയറക്ടറും ഒരു ഡോക്ടറും കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമബംഗാളിലെ ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ ബിപ്ലബ് കാന്തി ദാസ് ഗുപ്തക്ക് ഒരാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന അറുപതുകാരനായ ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലയോടെ വഷളാകുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് അദ്ദേഹം മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന 34 കാരനായ ഡോകട്‌റും കൊവിഡിനെ തുടര്‍ന്ന് ഇന്ന് മരിച്ചു. മതിയായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ലെന്ന പരാതികള്‍ക്കിടെയുണ്ടായ രണ്ട് മരണം പശ്ചിമബംഗാള്‍ ആരോഗ്യവകുപ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

Top