ഭീതി പടര്‍ത്തി കൊറോണ വൈറസ്; മരണം 132 ആയി, ജാഗ്രതയോടെ ലോകരാജ്യങ്ങള്‍

ബെയ്ജിങ്‌: ആഗോളതലത്തില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് ദിനംപ്രതി നിയന്ത്രണാധീതമായി വര്‍ധിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 132 ആയി. 1459 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വൈറസിനെ നിയന്ത്രണവിധേയമാക്കാനുള്ള അടിയന്തരനടപടികള്‍ക്കിടയിലും രോഗബാധിതരുടെ എണ്ണം 6000 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ 1,239 പേര്‍ ഗുരുതരനിലയിലാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 9,239 പേര്‍ വൈറസ് ബാധാസംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. തായ്‌ലന്‍ഡില്‍ 14, ഹോങ് കോങ് എട്ട്, യുഎസ്., തായ്‌വാന്‍, ഓസ്ട്രേലിയ, മകാവു എന്നിവടങ്ങളില്‍ അഞ്ച്, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവടങ്ങളില്‍ നാല്, ജപ്പാന്‍ ഏഴ്, കാനഡ മൂന്ന്, വിയറ്റ് നാം രണ്ട്, നേപ്പാള്‍, കമ്പോഡിയ, ജര്‍മനി ഒന്ന് വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഹ്യൂബായില്‍ മാത്രം 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസ് ബാധമൂലം മരണപ്പെട്ടതില്‍ കൂടുതല്‍ പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരാവുന്ന രോഗമാണിതെന്ന് ചൈനീസ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. പത്ത് ദിവസം കൊണ്ട് വൈറസ് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 10 മുതല്‍ 14 ദിവസം വരെയാണ് കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ വയ്ക്കുക. തുടര്‍ന്ന് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കി രോഗം സ്ഥിരീകരിക്കും. മറ്റുള്ളവരെ പറഞ്ഞയക്കുകയും ചെയ്യുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധനായ സോങ് നാന്‍ഷാന്‍ പറഞ്ഞു.

Top