കൊറോണ മുന്നണിപ്പോരാളികൾക്കും മക്കൾക്കും യു.എ.ഇ സ്കോളർഷിപ്പ്

കൊറോണ മുന്നണിപ്പോരാളികൾക്കും മക്കൾക്കും സ്കോളർഷിപ്പ് നൽകാൻ യു.എ.ഇ സർക്കാർ. പഠനചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന തിരഞ്ഞെടുക്കപ്പെടുന്ന മുന്നണിപ്പോരാളികൾക്കും മക്കൾക്കുമാണ് ഹയർ എജ്യൂക്കേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം സാധ്യമാക്കുന്നതെന്ന് ഫ്രണ്ട്ലൈൻ ഹീറോസ് ഓഫീസ് അറിയിച്ചു. സന്നദ്ധ സഹായപദ്ധതിയായ സന്തൂഖ് അൽവതൻ, വിദ്യഭ്യാസ മന്ത്രാലയം, പൊതുമേഖല എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

2021-22 അധ്യയന വർഷത്തിൽ സ്കോളർഷിപ്പോടെ ആദ്യബാച്ച് പഠനമാരംഭിക്കും. കൊറോണ  മുന്നണിപ്പോരാളികളുടെ കർത്തവ്യബോധത്തിനും അർപ്പണമനോഭാവത്തിനുമുള്ള അംഗീകാരമാണ് ഇതെന്ന് യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. സ്കോളർഷിപ്പിനായുള്ള അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളും യൂണിവേഴ്‌സിറ്റി സമ്മതപത്രവും Education@FrontlineHeroes.ae എന്ന വിലാസത്തിൽ അയക്കണം. ഫ്രണ്ട്ലൈൻ ഹീറോസ് ഓഫീസ് സ്കോളർഷിപ്പ് നിർദേശം യൂണിവേഴ്സിറ്റികളിലേക്ക് നേരിട്ടയക്കും. കൊറോണ  മുന്നണിപ്പോരാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് യു.എ.ഇ സർക്കാർ ഇതിനകം നടപ്പാക്കിയിട്ടുള്ളത്.

Top