കൊറോണ; ഇന്ത്യയിലെ യുഎസ് എംബസി വിസയ്ക്കുള്ള എല്ലാ അഭിമുഖങ്ങളും നിര്‍ത്തലാക്കി

ന്യൂഡല്‍ഹി: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികളുടെ ഭാഗമായി ഇന്ത്യയിലെ യുഎസ് എംബസികളും കോണ്‍സുലേറ്റുകളും മാര്‍ച്ച് മുതല്‍ നടത്താനിരുന്ന എല്ലാ അഭിമുഖങ്ങളും നിര്‍ത്തലാക്കി.

എല്ലാ വിസ കൂടിക്കാഴ്ചകളും മാര്‍ച്ച് 16 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചതായി യുഎസ് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ നല്‍കിയിട്ടുള്ള കൂടിക്കാഴ്ചകള്‍ റദ്ദാക്കിയതായും വിസാ നടപടിക്രമങ്ങള്‍ പുനഃരാരംഭിക്കുന്നതോടെ അനുമതി അനുവദിക്കുമെന്നും യുഎസ് എംബസി അറിയിച്ചു.

അതേസമയം,കൊറോണ വ്യാപനത്തെ തുടര്‍ന്ന് യുഎസില്‍ ഇന്നലെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ഇതിനായി ഫെഡറല്‍ ഫണ്ടില്‍ നിന്ന് 50,000 കോടി യു.എസ്. ഡോളര്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.’അടുത്ത എട്ടാഴ്ചകള്‍ വളരെ നിര്‍ണായകമാണ്. നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യും’- ട്രംപ് പറഞ്ഞു.

എല്ലായിടത്തുനിന്നുമുള്ള അമേരിക്കക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ രാജ്യത്തെ എല്ലാ ആശുപത്രികളോടും അടിയന്തര സന്നദ്ധതാ പദ്ധതി ആവിഷ്‌കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിചരിക്കുന്നതില്‍ കുറവുണ്ടാകരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിനു നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Top