കൊറോണ; ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന്‌ ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍

കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കി ട്വിറ്റര്‍. ജീവനക്കാരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള സോഷ്യല്‍മീഡിയ കമ്പനി വ്യക്തമാക്കി.

അയ്യായിരത്തിലേറെ ജീവനക്കാരാണ് ട്വിറ്ററിന് ഉള്ളത്. ജീവനക്കാര്‍ക്ക് സാധ്യമെങ്കില്‍ വീടുകളില്‍ തന്നെയിരുന്ന് ജോലി ചെയ്യാവുന്നതാണെന്ന് ട്വിറ്ററിന്റെ നിര്‍ദേശത്തില്‍ പറയുന്നു. പ്രധാന മീറ്റിങ്ങുകള്‍ക്ക് അടക്കം ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്നും പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.

എന്നാല്‍ പല ജോലികളും വീട്ടിലിരുന്നുകൊണ്ട് മാത്രം ചെയ്തു തീര്‍ക്കാനാവില്ലെന്നും അത്തരത്തില്‍ ഓഫീസിലെത്തണമെന്നുള്ളവര്‍ക്ക് ഓഫീസിലിരുന്ന് ജോലി തുടര്‍ന്നും എടുക്കാമെന്നും ട്വിറ്റര്‍ അറിയിച്ചു.

അതേസമയം, പ്രധാന വൈറസ് മേഖലകളായ ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും വീടുകളില്‍ ഇരുന്നായിരിക്കും ജോലി തുടരുക. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളും പൊതു ഇടങ്ങളിലെ ഇടപെടലുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്വിറ്ററിന്റെ ഈ നടപടിയെ അനുകൂലിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Top