കൊറോണ വൈറസ്; വിദ്യാര്‍ത്ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂര്‍: കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ ജില്ലാ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴും ആരോഗ്യമന്ത്രി തൃശൂരില്‍ തുടരുകയാണ്. കേരളത്തിലാകെ 1053പേര്‍ രോഗബാധിത പ്രദേശത്തുനിന്ന് എത്തിയിട്ടുണ്ട്. ഇവരില്‍ 15പേര്‍ ആശുപത്രികളിലും 1038 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനില്‍നിന്നെത്തിയ പതിനൊന്നുപേര്‍ തൃശ്ശൂരിലുണ്ട്. ഇതില്‍ നാലുപേരെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

അതിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈ മൂന്നുപേരെയും മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു.

കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Top