കൊറോണ; ജോലി മുടങ്ങിയ ഫെഫ്സിക്ക് സംഭാവന നല്‍കി സൂര്യയുടെ കുടുംബം

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സിനിമാമേഖല പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.

പുതിയ സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാല്‍ ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ ശിവകുമാറും അദ്ദേഹത്തിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും. മൂവരും ചേര്‍ന്ന് പത്ത് ലക്ഷം രൂപയാണ് ദക്ഷിണേന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന് കൈമാറിയത്.

ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ഈ അവസരത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുമ്പോട്ടു വരണമെന്നും ഫെഫ്‌സി പ്രസിഡന്റ് ആര്‍.കെ സെല്‍വമണി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുബം സഹായവുമായി എത്തിയത്.തമിഴില്‍ ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, കോബ്ര, വാലിമൈ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സിനിമാത്തിരക്കുകള്‍ക്കിടെയും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമാണ് സൂര്യയുടെ കുടുംബം. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിനും തമിഴ്നാടിനും സൂര്യയും സഹോദരന്‍ കാര്‍ത്തിയും സാമ്പത്തിക സഹായം നല്‍കിയിരുന്നു. കേരളത്തിനായി 25 ലക്ഷവും ചെന്നൈയിലുളളവര്‍ക്കായി 35ലക്ഷവുമാണ് അന്ന് ഇരുവരും ചേര്‍ന്ന് നല്‍കിയത്. നേരത്തെ കൊറോണ ബോധവല്‍ക്കരണവുമായി സൂര്യയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Top