കലിയടങ്ങാതെ കൊറോണ; ന്യൂയോര്‍ക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗ ബാധ

ന്യൂയോര്‍ക്ക്: കൊലയാളി കൊറോണ ആഗോളതലത്തില്‍ ഭീതി പടര്‍ത്തി വീണ്ടും നിയന്ത്രണാധീതമായി പടരുകയാണ്. ഇതിനോടകം 80ലധികം രാജ്യങ്ങളിലേയ്ക്കാണ് കൊറോണ പടര്‍ന്ന് പിടിച്ചിരിക്കുന്നത്.

ഇപ്പോള്‍ കൊറോണ ബാധയേറ്റ് കാലിഫോര്‍ണിയയിലെ ആദ്യമരണം സ്ഥിരീകരിച്ചു. ഇതോടെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ നൂസം ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

അമേരിക്കയിലാകട്ടെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനൊന്നായി. ജനുവരി 21-ന് വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ബാധിച്ചു ഒരു കുടുംബത്തിലെ നാല് പേര്‍ ചികിത്സയിലാണ്. രണ്ടുപേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ ന്യൂയോര്‍ക്കില്‍ രോഗബാധിതരുടെ എണ്ണം ആറായി. ലോസ് ആഞ്ചലസില്‍ വിമാനയാത്രക്കാരനടക്കം ഏഴു പേര്‍ക്ക് രോഗബാധ് സ്ഥിരീകരിച്ചു.

ടെക്സാസ് ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ 124 പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിങ്ടണ്‍(27), കാലിഫോര്‍ണിയ (24), ഇല്ലിനോയ്സ് (4), ഫ്ളോറിഡ (3), ഒറിഗന്‍ (3), ടെക്സാസ്(1), അരിസോണ, ജോര്‍ജിയ, റോസ്ഐലന്റ്(2), നോര്‍ത്ത് കരോളിന(1), വിസ്‌കോസില്‍(1) എന്നീ സംസ്ഥാനങ്ങളില്‍ ഇതിനകം രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

ലോകത്തില്‍ ഏകദേശം 94,000 പേര്‍ക്കാണ് ഇപ്പോള്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 3200ഓളം പേര്‍ മരണപ്പെട്ടു. അന്‍പതിനായിരം പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടുകയും ചെയ്തു.

Top