കൊറോണ; ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് 40% വര്‍ദ്ധിപ്പിക്കാന്‍ ധാരണ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ടെലികോം കമ്പനികള്‍ സംസ്ഥാന ഐടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നിലവിലെ നെറ്റ്‌വര്‍ക്ക് ഉപഭോഗത്തിന്റെ 30 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധനവുണ്ടായാലും പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യാനാകുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി കുറിച്ചു.

മാത്രമല്ല ഇന്റര്‍നെറ്റ് ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പരാതികള്‍ ടെലികോം സേവന ദാതാക്കളുടെ പരാതി പരിഹാര നമ്പറിലോ കേരള സര്‍ക്കാര്‍ കോള്‍സെന്റര്‍ നമ്പരായ 155300 ത്തിലോ അറിയിക്കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഇൻ്റർനെറ്റ് തടസമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് & വിവര സാങ്കേതികവിദ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, കേരള സർക്കിളിലെ വിവിധ ടെലികോം സേവന ദാതാക്കളും, കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിനിധികളും ചർച്ച നടത്തി. നെറ്റ്‌വർക്ക് ക്ഷമതയുടെ 30 മുതൽ 40 ശതമാനം വരെ അടിയന്തര സാഹചര്യങ്ങളിൽ വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് ടെലികോം സേവനദാതാക്കൾ ഈ യോഗത്തിൽ സർക്കാരിനെ അറിയിച്ചു.

നിലവിലെ സാഹചര്യം നേരിടുവാൻ പൂർണമായും സജ്ജമാണെന്ന് ടെലികോം സേവനദാതാക്കൾ അറിയിച്ചു. കേരളത്തിലെ ഇന്റർനെറ്റ് ഉപഭോഗത്തിന്റെ ബഹുഭൂരിപക്ഷവും തദ്ദേശീയമായ സെർവറുകൾ വഴി തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്. മാത്രമല്ല അന്തർദേശീയ ഇന്റർനെറ്റ് ട്രാഫിക് മൊത്തം ഉപഭോഗത്തിന്റെ വളരെ കുറഞ്ഞ അളവിൽ മാത്രമാണുള്ളത്.

ഇന്റർനെറ്റ് ഉപഭോഗത്തിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന കാരണം ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്ന ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പരാതികൾ ടെലികോം സേവന ദാതാക്കളുടെ പരാതി പരിഹാര നമ്പറിലോ കേരള സർക്കാർ കാൾസെന്റർ നമ്പരായ 155300 ത്തിലോ അറിയിക്കാവുന്നതാണ്. എന്നാൽ ഇത്തരം പരാതികളിൽ നിന്നും നിലവിലെ നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിലെ അപര്യാപ്തത മൂലമുള്ള പരാതികൾ കർശനമായും ഒഴിവാക്കേണ്ടതാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐ.ടി.വകുപ്പ് വിവിധ ടെലികോം സേവന ദാതാക്കളിൽ നിന്നും ദൈനംദിന റിപ്പോർട്ട് ആവശ്യപ്പെടും. ഇതു കിട്ടുന്ന മുറയ്ക്ക് ഈ റിപ്പോർട്ടുകൾ അവലോകനം ചെയ്ത് പെട്ടെന്നുണ്ടാകുന്ന ഉപഭോഗ വർദ്ധനവ് സേവനദാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാര നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Top