കൊറോണ; അവശ്യ സേവനങ്ങള്‍ക്ക് 500 ക്യാബുകള്‍ വിട്ടു നല്‍കി ഓല

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരെ എത്തിക്കുന്നതിനായി 500 വാഹനങ്ങള്‍ കര്‍ണാടക സര്‍ക്കാരിന് വാഗ്ദാനം ചെയ്ത് ഓല ക്യാബ്‌സ്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. സി.എന്‍ അശ്വന്ത്‌നാരായണ്‍ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, ഹുബ്ലി-ധാര്‍വാഡ്, ബെലഗാവി എന്നീ ജില്ലകളില്‍ ഓലയുടെ സേവനങ്ങള്‍ ലഭ്യമാകും. കൂടാതെ ആവശ്യാനുസരണം ഈ പ്രദേശങ്ങളില്‍ ക്യാബുകളെ വിന്യസിക്കാന്‍ സര്‍ക്കാരിന് കഴിയും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതിനും, മരുന്നുകളും മറ്റ് അവശ്യ ആരോഗ്യ ഉപകരണങ്ങള്‍ എന്നിവ എത്തിക്കുന്നതിനും ക്യാബുകള്‍ ഉപയോഗിക്കും. അടിയന്തിര സാഹചര്യങ്ങളിലും ഇവയുടെ സേവനം ലഭ്യമാകും.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഓല ക്യാബ്‌സ് സര്‍വീസ് രാജ്യത്തുടനീളം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പാട്ടത്തിനെടുത്ത വാഹനങ്ങള്‍ പങ്കാളികളികളായ ഡ്രൈവമാരില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ജോലിയില്ലാതെയിരിക്കുന്ന ഡ്രൈവര്‍മാര്‍ക്കായി ഒരു ഫണ്ട് കമ്പനി രൂപീകരിക്കുകയും, ഈ ഡ്രൈവര്‍മാരില്‍ നിന്ന് ദിവസേനയുള്ള വാടക സ്വീകരിക്കുന്നത് താല്‍കാലികമായി നിര്‍ത്തി വയ്ക്കുകയും ചെയ്തു.

കൊറോണ ബാധിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 30,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു.

അതേസമയം, ഫെയ്‌സ് ഷീല്‍ഡുകള്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ നിര്‍മ്മാണശാലകളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Top