കൊറോണ: അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ടിപി സെന്‍കുമാറിനോട് ആരോഗ്യമന്ത്രി

തിരുവനനന്തപുരം: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ പ്രസ്താവനകള്‍ക്ക് മുതിരരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പൊങ്കാല അടുപ്പ് കത്തുമ്പോഴുളള ചൂടില്‍ രോഗാണുക്കള്‍ നിര്‍ജ്ജീവമാകുമെന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മന്ത്രിയുടെ നിര്‍ദ്ദേശം.ചൂടുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസ് ഉണ്ടാകില്ലെന്നതിന് യാതൊരു സ്ഥിരീകരണവും നിലവിലില്ല. ടിപി സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ എന്നും മന്ത്രി ചോദിച്ചു.

ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരുന്ന ആളെന്ന നിലക്ക് അറിവുകളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാം. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കും. അല്ലാതെ അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങരുതെന്നും ടിപി സെന്‍കുമാറിനെ ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.

അതേസമയം കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ യത്രാവിവരം മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചവര്‍ തങ്ങള്‍ ഇറ്റലിയില്‍ നിന്നെത്തിയ വവിരം ആരോഗ്യവകുപ്പിനെ അറിയിക്കാത്തതിനെ മന്ത്രി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അലംഭാവത്തോടെയും അശ്രദ്ധയോടെയും കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും, ചിലരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Top