ജയ്പൂരില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ജയ്പൂര്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. ദുബൈയില്‍ നിന്ന് ജയ്പൂരിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കേരളത്തില്‍ എട്ടും മഹാരാഷ്ട്രയില്‍ രണ്ടും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, ഇറാനില്‍ കുടുങ്ങിയ 58 അംഗ ഇന്ത്യന്‍ സംഘത്തെ ഡല്‍ഹിയിലെത്തിച്ചു.

ഇറ്റലി, കൊറിയ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചവർ ഇന്ത്യയിൽ എത്തുമ്പോൾ കൊറോണ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വേണമെന്നത് ഇന്ത്യ നിർബന്ധമാക്കി. 30 വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിൽ ഈ മാസം 31 വരെ സിനിമ പ്രദർശന ശാലകൾ തുറക്കില്ല. ഡൽഹി, ജമ്മു, ബംഗലൂരു എന്നിവിടങ്ങളിൽ മാർച്ച് 31 വരെ പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 9 ലക്ഷം ആളുകളെ ഇതുവരെ വിവിധ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കി.

കൂടാതെ, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണവും നടത്തുന്നുണ്ട്.

Top