കൊറോണ; ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി

ലോകരാജ്യങ്ങളെ ഭീതിയിലാക്കി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ അവസ്ഥയില്‍ ഇറ്റലിയിലെ ഫ്യുമിചീനോ, ജനോവ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പരിശോധിച്ച് നാട്ടിലെത്തിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തി.

മലയാളികളടക്കമുള്ളവരെ സംഘം പരിശോധിച്ച ശേഷം രോഗമില്ലാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കും.

എയര്‍ ഇന്ത്യ വിമാനത്തില്‍ ഇറാനിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള 120 ഇന്ത്യക്കാരെ ഇന്ന് രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ എത്തിക്കും. തുടര്‍ന്ന് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനം.

അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇന്ന് രാവിലെ എത്തിയ ഇരുപത്തിരണ്ട് പേര്‍ക്കാണ് കൊറോണ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരില്‍ നിന്നാണ് രോഗലക്ഷണങ്ങളുള്ള ഇരുപത്തിരണ്ടുപേരെ കണ്ടെത്തിയത്. മുപ്പത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അറുപത് പേരടങ്ങിയ മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.

Top