കൊറോണയുടെ രണ്ടാം ഘട്ടമാണിത്, അടുത്ത 30 ദിവസം ഇന്ത്യയ്ക്ക് നിര്‍ണായകം: ഐസിഎംആര്‍

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍.

ചൈനയിലെ വുഹാനില്‍ പടര്‍ന്ന് പിടിച്ചതിനു സമാനമായി വൈറസ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട് എന്നാണു റിപ്പോര്‍ട്ട് പറയുന്നത്.

ഈ വൈറസിന്റെ കമ്യൂണിറ്റി ട്രാന്‍സ്മിഷന്‍ അഥവാ സമൂഹവ്യാപനം തടയാന്‍ സാധിക്കില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ബാലറാം ഭാര്‍ഗവ് അറിയിച്ചു. അടുത്ത മുപ്പതു ദിവസം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണെന്നും അതിനെ വിജയകരമായി അതിജീവിക്കാന് സാധിച്ചാല്‍ പാതി ജയിച്ചു എന്ന് കരുതാമെന്നും ബാലറാം പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണെങ്കിലും രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാജ്യം ഇനി നിര്‍ണായക ഘട്ടങ്ങളെയാണ് നേരിടാന്‍ പോകുന്നത്.

വൈറസില്‍ ഇന്ത്യ സ്റ്റേജ് – 2 അഥവാ ലോക്കല്‍ ട്രാന്‍സ്മിഷനില്‍ എത്തിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിലേക്ക് വൈറസ് പോകുന്നത് തടയാന്‍ കര്‍ശനമായ മുന്‍കരുതലുകളാണ് ഇന്ത്യ കൈക്കൊളളുന്നത്.

ഇനിയുള്ള ഓരോ നാളും ഏവരും സ്വയം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ചൈനയിലും ഇറ്റലിയിലും പടര്‍ന്ന പോലെ ക്രമാതീതമായി വ്യാപിക്കും. സ്റ്റേജ് മൂന്നിലും നാലിലും എത്തിനില്‍ക്കുന്ന പല രാജ്യങ്ങളിലും അസുഖം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഈ ഘട്ടങ്ങളില്‍ ഇരട്ടിയിലധികമായിരുന്നു.

ഐസിഎംആറിന്റെ റിപ്പോര്‍ട്ട് പ്രകാരം രോഗം പടരുന്നതില്‍ നാല് ഘട്ടങ്ങളാണ് ഉള്ളത്. ഇതിലാദ്യത്തെ ഘട്ടമാണ് വിദേശത്തു നിന്ന് വന്നവരില്‍ മാത്രം രോഗം കണ്ടെത്തുന്ന അവസ്ഥ. രണ്ടാം ഘട്ടം വിദേശത്തു നിന്ന് വന്നവരുമായി ഇടപഴകിയവരില്‍ രോഗം കണ്ടെത്തുന്നതാണ്. മൂന്നാം ഘട്ടമാണ് സമൂഹവ്യാപനം. രോഗം വ്യാപിച്ചു കഴിഞ്ഞ് ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സമൂഹവ്യാപന അവസ്ഥ.

Top