കൊറോണ, പക്ഷിപ്പനി; ഷവര്‍മ, കുഴിമന്തി ഇനി വേണ്ട ആരോഗ്യമാണ് മുഖ്യം

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസും പക്ഷിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്ഷണങ്ങള്‍ക്കും വിലക്ക്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നഗരസഭ മേഖലയില്‍ കോഴി ഇറച്ചി, ഷവര്‍മ, കുഴിമന്തി എന്നിവയുടെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചത്. നഗരസഭ നടപടിയോടു പൂര്‍ണമായി സഹകരിക്കുമെന്നു വ്യാപാരികള്‍ ഉറപ്പു നല്‍കി.

മാത്രമല്ല ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങള്‍ പരിശോധിച്ചാണു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇതോടൊപ്പം തന്നെ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഐസ് ഉപയോഗിച്ചുള്ള ശീതള പാനീയങ്ങള്‍, പാനി പൂരി, കുല്‍ഫി എന്നിവയുടെ വില്‍പനയും താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

ഇനി അറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ദേശം അനുസരിച്ചു നഗരസഭയുമായി സഹകരിക്കണമെന്നു നഗരസഭ സെക്രട്ടറി പി.ആര്‍.ജയകുമാര്‍ ആവശ്യപ്പെട്ടു. കൊറോണ, പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി നഗരസഭാധ്യക്ഷ കെ.കമറുലൈല വിളിച്ചു ചേര്‍ത്ത അടിയന്തര യോഗ തീരുമാന പ്രകാരമാണു നടപടി.

Top