കൊറോണ വൈറസ്; 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്ര വിലക്കി ചൈന

കൊറോണ വൈറസ് ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വുഹാനില്‍ നിന്നുള്ള 10 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്ര ചൈന വിലക്കി. 80 വിദ്യാര്‍ത്ഥികള്‍ ഇനിയും വുഹാനിലുണ്ട്.ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പാകിസ്ഥാനടക്കം മറ്റ് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇന്ത്യ ചൈനയില്‍ നിന്നെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് നിരീക്ഷണത്തിലുള്ളവരില്‍ 20 പേരുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുണ്ട്. കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനകം 645 ഇന്ത്യക്കാരെയാണ് ചൈനയില്‍ നിന്നെത്തിച്ചത്. അതേസമയം കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചൈനയില്‍ ഉയരുകയാണ്. ഇന്നലെ മാത്രം 73 പേരാണ് മരിച്ചത്. 565 പേരാണ് ചൈനയിലും മറ്റ് രാജ്യങ്ങളിലുമായി കൊറോണ ബാധിച്ച് ഇതിനകം മരിച്ചത്. ചൈനയില്‍ മാത്രം 3694 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

Top