കൊറോണ; ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു

ന്യൂഡല്‍ഹി: ലോകത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മൂലം വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് ഒരുമാസത്തെ അധികസമയം അനുവദിച്ചു.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണിത്. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ പ്രീമിയം അടയ്ക്കുന്നതിനും ഇത് ബാധകമാണന്ന് ഐആര്‍ഡിഎയുടെ അറിയിപ്പുണ്ട്.

അതേസമയം, പോളിസി തുടരുന്നതിന് ഈ കാലയളവില്‍ തടസ്സമുണ്ടാകരുത്. നോ ക്ലെയിം ബോണസും ലഭ്യമാക്കണമെന്നും പോളിസി ഉടമകള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനായി സാധ്യമായ മറ്റുവഴികള്‍ തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാത്രമല്ല, പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ വിവരങ്ങളും പ്രീമിയം അടയ്ക്കുന്നതിനും പോളിസികള്‍ പുതുക്കുന്നതിനും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ നല്‍കണമെന്നും ഐആര്‍ഡിഎ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

Top