രാജുവിനെ വിളിച്ചു, ‘ആടുജീവിതം’ ഷൂട്ടിങ് സംഘം സേയ്ഫാണ്‌: മല്ലിക സുകുമാരന്‍

കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുന്നതിനാല്‍ ആഗോളതലത്തില്‍ത്തന്നെ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ഷൂട്ടിങ് സംഘം. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.

പൃഥ്വിരാജിനോട് ഫോണില്‍ സംസാരിച്ച ശേഷമാണ് മല്ലിക സുകുമാരന്‍ പ്രതികരിച്ചത്.
പൃഥ്വിരാജിനെ ഫോണില്‍ വിളിച്ചെന്നും ഷൂട്ടിംഗ് സംഘം സേയ്ഫാണെന്നും മല്ലിക പറഞ്ഞു. ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുകള്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ല. ജോര്‍ദാനില്‍ നിന്ന് മടങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഷൂട്ടിംഗ് സംഘം കത്തയച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ മാസം അഞ്ചാം തീയതി വരെയാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നത്. കൊറോണ ഭീതി കാരണം ഇടയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ പെര്‍മിഷന്‍ വാങ്ങിയാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്.

എട്ടാം തീയതി വരെയാണ് വിസ കാലാവധിയുള്ളത്. എന്നാല്‍ കൊറോണ വ്യാപനം കാരണം ആദ്യം ലോക്ക് ഡൗണ്‍ ചെയ്ത രാജ്യങ്ങളിലൊന്നാണ് ജോര്‍ദാന്‍. അതുകൊണ്ടുതന്നെ വിസ കാലാവധി കഴിഞ്ഞാലും ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് അനുകൂലമായ നടപടികളെ അധികൃതര്‍ സ്വീകരിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

Top