ആഗോളതലത്തില്‍ കൊവിഡ് ബാധിത മരണം രണ്ട് ലക്ഷത്തിനടുത്ത്

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ്19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതിവരെ 195,218 പേരാണ് ആകെ മരിച്ചത്. 2,801,065 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. 775,986 പേരാണ് രോഗമുക്തി നേടിയത്.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ 50,988 ആയി. ലോകത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും അമേരിക്കയിലാണ്. 903,775 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 90,261 പേര്‍ രോഗമുക്തി നേടി. 15000ത്തോളം രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യുഎസിലും യുകെയിലുമാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 752 പേര്‍ മരിച്ചപ്പോള്‍ 768 പേര്‍ക്കാണ് യുകെയില്‍ ജീവന്‍ പൊലിഞ്ഞത്. കൊവിഡില്‍ തിരിച്ചടി നേരിട്ട മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മരണനിരക്കും ഉയരുകയാണ്.

ഇറ്റലിയില്‍ 25,969 പേര്‍ മരിച്ചു. സ്പെയിനില്‍ 22,524 പേരും ഫ്രാന്‍സില്‍ 22,245 പേരും മരിച്ചു. ബ്രിട്ടനില്‍ ഇതുവരെ 19,506 പേരാണ് മരിച്ചത്. രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണ്.

Top