കൊറോണയുടെ വ്യാപനം ത്വരിതഗതിയില്‍, കരുതല്‍ നടപടികളിലൂടെ പ്രതിരോധിക്കാം

നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായി പടര്‍ന്ന് പിടിക്കുന്ന കൊറോണ വ്യാപനത്തിനെതിരെ പ്രത്യേക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യം പരിശോധിച്ചാല്‍ ത്വരിതഗതിയിലാണ് വൈറസിന്റെ വ്യാപനമെന്ന് സംഘടന അറിയിച്ചു.

എന്നാല്‍ ആവശ്യത്തിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ആഗോളതലത്തില്‍ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാമായിരുന്നതായും സംഘടന അഭിപ്രായപ്പെട്ടു.

അതേസമയം, ലോകത്ത് മൊത്തം 3.78 ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാമാരിയുടെ വ്യാപനം ത്വരിതഗതിയിലാണ്. ലോകാരോഗ്യ സംഘടനയുടെ തലവന്‍ തെദ്രോസ് അദനോം ഗുട്ടറോസിസാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

67 ദിവസം കൊണ്ടാണ് ആദ്യ ഒരു ലക്ഷം പേരിലേക്ക് വൈറസെത്തിയത്.എന്നാല്‍ അടുത്ത ഒരു ലക്ഷം പേരിലേക്ക് വൈറസെത്താന്‍വേണ്ടി വന്നത് വെറും 11 ദിവസമാണെന്നും പിന്നീടുള്ള ഒരു ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടായത് വെറും നാല് ദിവസം കൊണ്ടാണെന്നും ഗുട്ടറോസിസ് പറഞ്ഞു.അതിനാല്‍ ഈ വൈറസ് വ്യാപനത്തിന്റെ വേഗത കണക്കുകൂട്ടുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഡിസംബര്‍ 31-നാണ് ചൈനയില്‍ ആദ്യമായി കൊറോണബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പിന്നീട് മാര്‍ച്ച് 6-ന് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷമാവുകയും മാര്‍ച്ച് 17-ന് അത് രണ്ടു ലക്ഷത്തിലധികമാവുകയും മാര്‍ച്ച് 21-ന് അത് മൂന്ന് ലക്ഷം കടക്കുകയും ചെയ്തതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കര്‍ശന കരുതല്‍ നടപടികളിലൂടെ വൈറസിന്റെ വ്യാപനഗതിയെ പ്രതിരോധിക്കാമെന്ന് ഗുട്ടറോസിസ് അഭിപ്രായപ്പെട്ടു. ‘ഒരു ഫുട്‌ബോള്‍ ഗെയിം പോലെയാണ് വൈറസ് പ്രതിരോധം. കളി ജയിക്കണമെങ്കില്‍ പ്രതിരോധം ശക്തമാകണം. കൂടാതെ പ്രത്യാക്രമണവും ശക്തമാകണം’. ഫിഫ മേധാവി ഗിയാനി ഇന്ഫാന്റിനോയ്‌ക്കൊപ്പം കൊറോണയ്‌ക്കെതിരെയുള്ള ‘ടു കിക്ക് ഔട്ട് കൊറോണ വൈറസ് എന്ന പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിയുന്നതും വീടുകളില്‍ തന്നെ തങ്ങാനും സാമൂഹിക അകലം പാലിക്കണമെന്നും സംശയം തോന്നുന്നവരില്‍ കൃത്യമായ പരിശോധന നടത്തുന്നതിലൂടെയും രോഗബാധ സ്ഥിരീകരിച്ചവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിലൂടെയും രോഗവ്യാപനം തടയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top