കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ വലിച്ചെറിഞ്ഞ നിലയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോവിഡ് സുരക്ഷയില്‍ വീഴ്ച്ച. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ കാന്റീന്‍ പരിസരത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. പിപിഇ കിറ്റുകള്‍ കര്‍ശന മാനദണ്ഡങ്ങളോടെ ഉപയോഗിക്കുകയും സംസ്‌കരിക്കുകയും ചെയ്യണമെന്ന ആരോഗ്യ പ്രൊട്ടോക്കോളുണ്ടായിരിക്കെയാണ് ഇത്തരത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത്.

വിമാനമിറങ്ങി വരുന്ന ആളുകള്‍ ബസിലും മറ്റു വാഹനങ്ങളിലും കയറി പോകുന്ന പ്രദേശത്താണ് സുരക്ഷാ വീഴ്ചയുണ്ടായിരിക്കുന്നത് .വിമാനത്താവളത്തില്‍ മാലിന്യം കൃത്യമായി ഒഴിവാക്കാത്തതാണ് പലരും പിപിഇ കിറ്റുകള്‍ ഇങ്ങനെ വലിച്ചെറിയാന്‍ കാരണമെന്നാണ് ഉയരുന്ന ആരോപണം.

കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 51 ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Top