സംസ്ഥാനത്ത് ആരും പട്ടിണികിടക്കരുത്; സര്‍ക്കാരിന്റെ സൗജന്യ വിഭവ കിറ്റ് വിതരണം ഉടന്‍

കൊച്ചി: കൊറോണ വൈറസ് ബാധ മൂലം സംസ്ഥാനത്തുണ്ടായ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ സൗജന്യവിഭവ കിറ്റ് ഏപ്രില്‍ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറില്‍ ഹെഡ് ഓഫിസിലും തിരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണു വിതരണത്തിനുള്ള കിറ്റുകള്‍ തയാറാക്കുന്നത്.

പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ഫ്‌ലവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) തുടങ്ങിയവ അടങ്ങിയ 17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക.

കോവിഡ് കാലത്ത് ആരും ഭക്ഷണമില്ലാതിരിക്കരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് റേഷന്‍ കടകളിലൂടെ ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ വിതരണത്തിനെത്തിക്കുന്നതെന്നും സിഎംഡി അറിയിച്ചു. 1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. 350 കോടിരൂപയാണ് സര്‍ക്കാര്‍ ഇതിനായി സിഎംഡിആര്‍എഫ് ഫണ്ടില്‍ നിന്നും ആദ്യഗഡുവായി അനുവദിച്ചത്.

Top