കൊലയാളി വൈറസ് കൊറോണക്ക് ആയുസും കൂടുതലെന്ന് കണ്ടെത്തൽ

ലോകത്തെ ആകെ പരിഭ്രാന്തി പടര്‍ത്തി പടരുന്ന, കൊലയാളി വൈറസിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ടും പുറത്ത്.

മറ്റു വൈറസുകളെ പോലെ കൊറോണ വൈറസ് പെട്ടന്ന് നശിക്കില്ലന്നതാണ് പുതിയ പഠനം. ആരോഗ്യ പ്രവര്‍ത്തകരെ ഏറെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്.

വായുവില്‍ മൂന്നു മണിക്കൂറോളം വൈറസുകള്‍ സജീവമാകും. ചെമ്പ് പ്രതലത്തില്‍ നാലു മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24 മണിക്കൂര്‍, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് സജീവമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2002-2003ല്‍ പടര്‍ന്ന് പിടിച്ച സാര്‍സ് വൈറസിന് തുല്യമായാണ് കൊവിഡ് 19നെയും താരതമ്യം ചെയ്തിരിക്കുന്നത്. സാര്‍സ് രോഗം 8000 പേരുടെ മരണത്തിനാണ് കാരണമായിരുന്നത്. സാര്‍സും കൊറോണയും തമ്മില്‍ അടുത്ത സാമ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 2004ന് ശേഷം സാര്‍സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാല്‍ കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് ശാസ്ത്ര ലോകത്തിനിടയില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.

വൈറസ് ബാധിച്ചാല്‍ പെട്ടെന്ന് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരിക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതുമാണ് കൊറോണ ഉയര്‍ത്തുന്ന പ്രധാനഭീഷണി. വൈറസ് ബാധയേറ്റാല്‍ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും ഇപ്പോഴത്തെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യമാണ് രോഗസ്ഥിരീകരണവും വൈകിപ്പിച്ചിരിക്കുന്നത്.

ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള കൊറോണ വൈറസിന്റെ ക്ഷമതയും മറ്റ് വൈറസുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മരുന്നോ വാക്സിനോ കണ്ടെത്തും വരെ കടുത്ത മുന്‍കരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള പ്രധാന പ്രതിരോധം.

ഇതുവരെയുള്ള കണക്കനുസരിച്ച് 8300ഓളം പേര്‍ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ മരണം രണ്ടായിരവും ഇറാനില്‍ ആയിരവും കടന്നു കഴിഞ്ഞു. അമേരിക്കയിലും ബ്രിട്ടണിലും നൂറിലേറെ പേരാണ് മരിച്ചിരിക്കുന്നത്. സ്പെയിനില്‍ 623 പേരും മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ മരണപ്പെട്ടത് മൂന്ന് പേരാണ്. ആകെ 171 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയ്ക്ക് പിന്നാലെ കര്‍ണാടകയിലും കൊവിഡ് ബാധിതരുടെ കയ്യില്‍ മുദ്രകുത്തുന്നതും കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ കയ്യിലും മുദ്ര പതിപ്പിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഇവരെ തിരിച്ചറിയുന്നതിന് വേണ്ടിയാണിത്.

കേരളമാകട്ടെ കൊറോണയെ തുരത്താന്‍ വ്യത്യസ്തമായ അടവുകളാണ് പുറത്തെടുത്തിരിക്കുന്നത്. ലോകത്തിന് തന്നെ മാതൃകയായ നീക്കമാണിത്. ഒരൊറ്റ മരണം പോലും സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ആദ്യമായി കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം.തുടക്കത്തില്‍ രോഗം ബാധിച്ച 3 പേരുടെയും രോഗം ഭേദമാക്കി വീടുകളിലേക്ക് അയക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ 250 ല്‍ താഴെ പേര്‍ മാത്രമാണുള്ളത്.24 പേര്‍ക്കാണ് മാര്‍ച്ച് 19 ഉച്ചവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധനാ ഫലം ലഭിച്ച 2140 പേരുടെ സാമ്പിളുകളും നെഗറ്റീവാണ്.

സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വരെ പൂര്‍ണ്ണമായും സ്വയം നിയന്ത്രണം പാലിച്ചിരിക്കുകയാണ്.

കൊറോണയുടെ കണ്ണികള്‍ മുറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ബ്രേക്ക് ദ ചെയിന്‍’ പരിപാടി വലിയ വിജയമായാണ് മാറിയിരിക്കുന്നത്. വിദേശ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യമാണ് ഈ ക്യാംപയിന് നല്‍കിയിരിക്കുന്നത്. ‘കൈ കഴുകല്‍’ കാംപയിന്‍ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വ്യാപകമാണ്. സാനിറ്റൈസര്‍ സ്ഥാപിക്കാന്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം നിലവില്‍ മത്സരിക്കുകയാണ്. നാടിനെയും മനുഷ്യരെയും കാക്കാന്‍ എല്ലാം മറന്നുള്ള ഒരു യോജിപ്പ്, അതാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഈ മാതൃക നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരും മറ്റു സംസ്ഥാനങ്ങളോട് ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Staff Reporter

Top