മാതൃകയാകേണ്ടവര്‍ കാട്ടുന്നത് അനുസരണക്കേട്; സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം

കൊച്ചി : മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവയാണ് കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള പോംവഴികള്‍. ഇത് എല്ലാവരും പാലിച്ചാല്‍ മാത്രമേ നമുക്ക് ഈ വൈറസ് വ്യാപനത്തെ പിടിച്ച് കെട്ടാന്‍ സാധിക്കൂ. എന്നാല്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ജനപ്രതിനിധികള്‍ തന്നെ ഈ നിയമങ്ങള്‍ തെറ്റിക്കുന്ന കാഴ്ചയാണ് പലയിടത്തും നാം കാണുന്നത്.

ഇപ്പോഴിതാ കൊച്ചി കാലടിയില്‍ എംഎല്‍എ അടക്കം ജനപ്രതിനിധികളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും നേതൃത്വം നല്‍കിയ മാസ്‌ക് വിതരണ ചടങ്ങിലാണ് ഈ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നിരിക്കുന്നത്. അറുപതോളം കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ സാമൂഹിക അകലം എന്ന നിര്‍ദ്ദേശത്തിന് പുല്ലുവിലയാണ് ഈ ജനപ്രതിനിധികള്‍ കൊടുത്ത്.

കാലടി ബ്ലോക്ക് ഡിവിഷനില്‍പ്പെട്ട അഞ്ചുമുതല്‍ 12 വരെ വാര്‍ഡുകളിലെ കുട്ടികള്‍ക്കായാണ് ജനപ്രതിനിധികള്‍ മാസ്‌ക് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി ജോര്‍ജ് ആയിരുന്നു പരിപാടിയുടെ സംഘാടകന്‍. അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ ഉദ്്ഘാടനം ചെയ്ത പരിപാടിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു.

60 ഓളം കുട്ടികളാണ് മാസ്‌ക് വാങ്ങാന്‍ തിങ്ങിക്കൂടിയത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ നടന്ന ചടങ്ങില്‍ കൈക്കുഞ്ഞങ്ങളുമായി അമ്മമാരും എത്തിയിരുന്നു.

സാമൂഹ്യകലം എന്ന കാര്യം പാടെ മറന്ന് കുട്ടികളെ ചേര്‍ത്തു നിര്‍ത്തിയായിരുന്നു നേതാക്കളുടെ മാസ്‌ക് വിതരണം. പിന്നെ നേതാക്കമ്മാരുടെ പ്രസംഗവും ഒടുവില്‍ എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി ഗ്രൂപ്പ് ഫോട്ടോയും.നേതാക്കമ്മാര്‍ ചേര്‍ന്ന് സംഭവം അങ്ങ് കളറാക്കി.

കോവിഡ് വ്യാപന ഭീതിയില്‍ നാടെങ്ങും വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് കുഞ്ഞുങ്ങളെപ്പോലും അപകടത്തിലാക്കി പ്രാദേശിക നേതാക്കളുടെ മാസ്‌ക് വിതരണ പരിപാടി നടന്നത്. എന്തായാലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മൊത്തം താളം തെറ്റിക്കുന്ന ഈ പ്രവൃത്തി അംഗീകരിക്കാന്‍ സാധിക്കാത്തതാണ്.

Top