ഭീതി വിതച്ച് കൊറോണ; ഇന്ത്യയിലേതടക്കം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി സൗദി

റിയാദ്: കൊറോണ ആഗോളതലത്തില്‍ ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ പതിനൊന്ന് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കി. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലെ യാത്രകള്‍ക്കാണ് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

ഇവിടെ നിന്നുള്ള യാത്രക്കാരെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തിനകത്ത് കയറ്റില്ല. ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ല.

ജോര്‍ദാനുമായുള്ള എല്ലാ ലാന്‍ഡ് ക്രോസിംഗുകളിലൂടെയും സൗദി അറേബ്യ യാത്രക്കാരുടെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. വാണിജ്യ, ചരക്ക് ഗതാഗതം ഇപ്പോഴും അനുവദനീയമാണ്.

സൗദിയില്‍നിന്നു നാട്ടില്‍ പോകാന്‍ റീഎന്‍ട്രിയോ എക്‌സിറ്റ് വിസയോ നേടി കാത്തിരിക്കുന്നവര്‍ക്ക് രാജ്യം വിടാനും മറ്റിടങ്ങളില്‍ അവധിയില്‍ കഴിയുന്നവര്‍ക്ക് സൗദിയിലേക്കു മടങ്ങാനും 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

45 കൊറോണ കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോട്ട് ചെയ്തിട്ടുള്ളത്.100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയംഅറുപതിനായിരത്തലധികം ആളുകളുടെ രോഗം ഭേദമാകുകയും ചെയ്തു.

Top